ഏകദേശം പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത നോർവേയിൽ പണം ഉടൻതന്നെ വീണ്ടും പേയ്മെന്റ് മാർഗമായി ഉയർന്നുവന്നേക്കാം. ഇലക്ട്രോണിക് ബാങ്കിംഗ് സംവിധാനങ്ങൾ തകരാറിലാകുന്നത് പണം കൈവശം വയ്ക്കാൻ നോർവീജിയൻ ജനതയെ ഇപ്പോൾ പ്രേരിപ്പിക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കുന്നു.
വ്യാപാരികൾ ഉപഭോക്താക്കളിൽ നിന്ന് നോർവീജിയൻ ക്രോണെ പണമായി സ്വീകരിക്കാൻ തയ്യാറാവണമെന്ന് സർക്കാർ തല്പര്യപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ നോർവേയിൽ നോർവീജിയൻ ക്രോണർ നോട്ടുകൾ ഉപയോഗിക്കുക എന്നത് എളുപ്പമല്ല. വ്യാപാരികൾ പണം സ്വീകരിക്കാൻ വിസമ്മതിക്കുന്നത് വർദ്ധിച്ചുവരുന്നു. ഉപഭോക്താക്കൾ ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ മാത്രം ഉപയോഗിക്കാനാണ് വ്യാപാരികൾ താൽപര്യപ്പെടുന്നത്.
അടുത്തിടെ ‘Doctors without borders’ന് വേണ്ടി നടത്തിയ വാർഷിക ദേശീയ ധനസമാഹരണ കാമ്പെയ്നിനിടെ, ഇരുപത്തിയഞ്ച് മുനിസിപ്പാലിറ്റികൾ വീടുതോറുമുള്ള പണശേഖരണം പോലും ഉപേക്ഷിച്ചു. ഫ്രെഡ്രിക്സ്റ്റാഡ് പോലെയുള്ള ചില നഗരങ്ങൾ ഡിജിറ്റൽ ധനസമാഹരണം മാത്രമാണ് നടത്തിയത്. എന്നിരുന്നാലും ഈ കാമ്പെയ്നിന് 260 ദശലക്ഷത്തിലധികം നോർവീജിയൻ ക്രോണെ സംഭാവനയായി ലഭിച്ചു.
ഈ വർഷം മെയ് 17 ന് നോർവേയുടെ ഭരണഘടനാ ദിനത്തിൻ്റെ തലേദിവസം ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ തകരാറിലായപ്പോൾ ഉടലെടുത്ത “പണ പ്രതിസന്ധി” ഗൗരവമായി കാണണമെന്ന് നീതിന്യായ മന്ത്രി എമിലിയ എൻഗർ മെൽ ചൂണ്ടിക്കാണിച്ചു. അന്നെ ദിവസം പെട്ടെന്ന് പണം വീണ്ടും രാജാവായി- പണം കയ്യിലുള്ളവർക്ക് മാത്രമാണ് ആ ദിവസം പലചിരക്കുകടകളിലും മദ്യവിൽപ്പനശാലകളിലും നിന്ന് അവശ്യസാധനങ്ങൾ വാങ്ങിക്കാൻ കഴിഞ്ഞത്. “ഞങ്ങളുടെ ദേശീയ തയ്യാറെടുപ്പിന്റെ ഭാഗമായി പണം ഉപയോഗിച്ച് പണമടയ്ക്കാനുള്ള കഴിവ് സംരക്ഷിക്കപ്പെടണമെന്ന് ഈ ഒരു ദിവസം തെളിയിച്ചു,” മെൽ കൂട്ടിച്ചേർത്തു.
ചരക്കുകളോ സേവനങ്ങളോ വിൽക്കുന്ന എല്ലാ ബിസിനസ്സ് സ്ഥലങ്ങളിലും ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് പകരം പണം ഉപയോഗിച്ച് പണമടയ്ക്കാനുള്ള ഉപഭോക്താക്കളുടെ അവകാശം ഉറപ്പാക്കുന്ന ഒരു നിർദ്ദേശം നിലവിലുള്ള മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്.
You are here