വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിൻലാൻഡ് ക്ഷണിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയും, വിദ്യാഭ്യാസ മന്ത്രിയും, ചീഫ് സെക്രട്ടറിയും അടങ്ങുന്ന ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരും ഒക്ടോബർ രണ്ടു മുതൽ ഫിൻലാൻഡ് സന്ദർശിക്കാനിരുന്നതാണ്. മുഖ്യമന്ത്രിയുടെ യൂറോപ്പ് പര്യടനം ആരംഭിക്കുന്നത് ഫിൻലാൻഡിൽ നിന്നാണ് എന്നത് കൊണ്ട് തന്നെ വളരെ വിശദമായ തയ്യാറെടുപ്പുകളാണ് ഫിൻലാൻഡിലെ ഇന്ത്യൻ എംബസി നടത്തിയത് . സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ അനാരോഗ്യവും തുടർന്നുള്ള മരണവും അനുബന്ധിച്ച് മുഖ്യമന്ത്രി യുടെ സന്ദർശനം റദ്ദാക്കുകയുണ്ടായി. ഇത് കുറച്ചു ആശയകുഴപ്പത്തിലേക്കു വഴിതെളിച്ചെങ്കിലും പ്രൊഫ. വി. കെ. രാമചന്ദ്രൻ്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ഉദ്യോഗസ്ഥരുടെ സംഘം നേരത്തെ തന്നെ എത്തിയിരുന്നു. ഫിൻലാൻഡ് സർക്കാരിലെ വിവിധ വകുപ്പുകളുമായി മുൻകൂട്ടി നിശ്ചയിച്ചിരുന്ന ചർച്ചകളുമായി മുന്നോട്ടു പോകാൻ ഉദ്യോഗസ്ഥവൃന്ദം തീരുമാനിച്ചു. സന്ദർശനത്തിന്റെ ആദ്യ ദിവസമായ ഒക്ടോബർ രണ്ടാം തീയതി ഞായറാഴ്ച ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഹെൽസിങ്കിയിലുള്ള ഗാന്ധി സ്മൃതി മണ്ഡപത്തിൽ മുഖ്യമന്ത്രി നടത്താനിരുന്ന പുഷ്പാർച്ചന മാത്രമാണ് റദ്ദാക്കിയത്.
ഒക്ടോബർ മൂന്നിന് പ്രതിനിധി സംഘം ഔദ്യോഗിക സന്ദർശനങ്ങളിലേക്ക് കടന്നു. രാവിലെ മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്സ് ആൻഡ് ഹെൽത്ത് സംഘടിപ്പിച്ച യോഗത്തിൽ വകുപ്പ് മന്ത്രി ശ്രീ.അകി ലിൻഡൻ ഫിൻലാൻഡിലെ ആരോഗ്യ രംഗത്തെക്കുറിച്ചും സാമൂഹിക ക്ഷേമ രംഗത്തെക്കുറിച്ചും വിശദീകരിച്ചു. കേരളവും ഫിൻലാന്റും തമ്മിൽ സാധ്യമായ എല്ലാ സഹകരണവും ചർച്ച ചെയ്യുകയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്തു.
തുടർന്ന് ഉച്ചയ്ക്കുശേഷം ആയുർവേദ, ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളും വ്യവസായികളുമായി കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ചർച്ച നടത്തി. ഫിഷറീസ് ആൻഡ് ടൂറിസം ഡിപ്പാർട്മെൻ്റ പ്രിൻസിപ്പൽ സെക്രട്ടറി കെ.സ്.ശ്രീനിവാസിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അഭൂതപൂർവ്വമായ പങ്കാളിത്തമാണ് ഉണ്ടായത്. ശ്രീലങ്കയിലെ ഇപ്പോഴത്തെ ആഭ്യന്തര അസന്തുലിതാവസ്ഥയിൽ വളരെയധികം കമ്പനികൾ കേരളവുമായി പാക്കേജ് ടൂറിസം രംഗത്ത് സഹകരണത്തിനായി മുന്നോട്ടുവരുന്നുണ്ട്. വിനോദസഞ്ചാര മേഖലയിലും ആയുവേദ രംഗത്തും കേരളവുമായി സഹകരിക്കാൻ വ്യവസായികളുടെ എണ്ണം ഏറി വരുന്നു എന്നാണ് ഇന്ന് കാണാൻ കഴിഞ്ഞത്.
ഉച്ചയ്ക്ക് ശേഷം രണ്ടാമതായി സംഘടിപ്പിക്കപ്പെട്ട മിനിസ്റ്ററി ഓഫ് ഇക്കണോമിക് അഫയേഴ്സ് ആൻഡ് എംപ്ലോയ്മെന്റുമായുള്ള യോഗത്തിൽ ഫിൻലാൻഡിലെ തൊഴിൽ മന്ത്രി തൂളാ ഹാതായ്നെൻ (Tuula Haatainen) പങ്കെടുത്ത് പ്രതിനിധി സംഘവുമായി വിശദമായി സംസാരിക്കുകയുണ്ടായി. വിദഗ്ധ പരിശീലനം ലഭിച്ച തൊഴിലാളികൾക്കായി ഫിൻലൻഡ് ഇതുവരെ ഇന്ത്യ ഒഴികെയുള്ള മറ്റു ഏഷ്യൻ രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത് .നമ്മുടെ പ്രതിനിധി സംഘം കേരളത്തിലെ സ്കിൽഡ് വർക്ഫോഴ്സ് യോഗ്യതയെയും ലഭ്യതയെയും കുറിച്ച് അറിയിക്കുകയും ഇനിയങ്ങോട്ട് കേരളവുമായി ചേർന്ന് ഈ ഒരു സാധ്യത ഉപയോഗിക്കാൻ ഉള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. തൊഴിൽ സാധ്യത രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താവുന്ന ഫലപ്രദമായ ഒരു മീറ്റിംഗ് എന്നാണ് മിസ്സിസ് ഹാതായ്നെൻ ഇതിനെ വിശകലം ചെയ്തത് .
വൈകിട്ട് പ്രതിനിധി സംഘത്തിന് ഫിൻലാൻഡിലെ മലയാളികളുടെ കൂട്ടായ്മ സ്വീകരണമൊരുക്കി. ഫിൻലൻഡ് മലയാളയ്കൾക്കു കേരളത്തിന് വിദ്യാഭ്യാസ രംഗത്തും വ്യവസായ രംഗത്തും തുറന്നു കൊടുക്കാൻ കഴിയുന്ന നിരവധി സാധ്യതകളെ കുറിച്ച് പ്രൊഫ. വി. കെ. രാമചന്ദ്രൻ്, ശ്രീ. വി.പി ജോയ്, ശ്രീ വേണു രാജാമണി, എന്നിവർ സംസാരിച്ചു. ഫിൻലാൻഡിലെ ഇന്ത്യയുടെ അംബാസിഡർ ശ്രീ. രവീഷ് കുമാർ സ്വീകരണത്തിൽ പങ്കെടുത്തു
മൂന്നാം ദിവസമായ ഇന്ന് വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയും ഫിൻലാന്റുമായി വിവിധ രീതിയിലുള്ള സഹകരണമാണ് ലക്ഷ്യമിട്ടിരുന്നത് .ശാസ്ത്ര, ഗണിത വിദ്യാഭ്യാസം ബാല്യകാല വിദ്യാഭ്യാസവും പരിചരണവും, പാഠ്യപദ്ധതി വികസനവും വിലയിരുത്തലും, അധ്യാപക പരിശീലനവും ആണ് പ്രധാന വിഷയങ്ങളായി ചർച്ച ചെയ്തത് KITE ൻ്റെ തനത് സംരംഭമായ ലിറ്റിൽ കൈറ്റ് എന്ന അടിസ്ഥാന IT വിദ്യാഭ്യാസപദ്ധതി, ഫിൻലാൻഡിലെക്ക് കൊണ്ടുവരാൻ ഫിന്നിഷ് ഗവണ്മെന്റ് താൽപര്യം പ്രകടിപ്പിച്ചു. വിദ്യാഭ്യാസരംഗത്ത് കേരളവും ഫിൻലാന്റുമായി സഹകരണം ഉറപ്പിക്കുന്ന ഒരു സംയുക്ത പ്രസ്താവന ഉടൻതന്നെ പ്രതീക്ഷിക്കാവുന്നതാണെന്ന് പ്രതിനിധി സംഘം അറിയിച്ചു. വിദ്യാഭ്യാസ ചർച്ചകൾക്ക് ശേഷം എസ്പൊ ആസ്ഥാനമാക്കിയുള്ള നോക്കിയയിലും, ഹെൽസിങ്കി ആസ്ഥാനമായുള്ള വാട്സിലായിലും വ്യാവസായിക സഹകരണത്തിനായുള്ള ചർച്ചകൾ നടത്തിയതിന് ശേഷം പ്രതിനിധി സംഘം വിമാനത്താവളത്തിലേക്ക് പോവുകയും അവിടെ നിന്ന് നേരെ നോർവെയിലേക്കുള്ള യാത്ര തുടരുകയും ചെയ്തു. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫസർ വി കെ രാമചന്ദ്രന് പുറമേ ശ്രീ. വി.പി ജോയ് ,ശ്രീ വേണു രാജാമണി, ശ്രീ കെ സ് ശ്രീനിവാസ്, ശ്രീ സുമൻ ബില്ല, ശ്രീ എ പി എം മുഹമ്മദ് ഹനീഷ് എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.