ഒട്ടും പ്രതീക്ഷിക്കാതെ ഒരു നോർവേ യാത്ര….
കൊറോണ സഹായിച്ചു വീട്ടിൽ ഇരിപ്പ് തുടങ്ങിയിട്ട് മാസം അഞ്ച് കഴിഞ്ഞു. ഫിൻലാൻഡിൽ കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞു എന്നത് ഒരു ആശ്വാസവും പുറത്തിറങ്ങാനുള്ള ലൈസൻസുമായി. ‘മൂന്ന് നേരവും അടുക്കളയിൽ മാത്രം നിന്ന് വേരിറങ്ങി’ എന്ന എൻ്റെ ഇടയ്ക്കിടയ്ക്കുള്ള ഡയലോഗിൽ നിന്ന് എൻ്റെ പിരി പൊട്ടൻ ഇനി അധികം നേരം എടുക്കില്ല എന്ന് മനസ്സിലാക്കി ഒരു ഡേ ട്രിപ്പ് എന്ന് പറഞ്ഞു തുടങ്ങിയതാണ്.
ഗൂഗിൾ സെർച്ച് ചെയ്ത് സൗത്തിൽ നിന്ന് മുകളിലേക്കും സൈഡിലേക്കും ഒക്കെ തപ്പി… രണ്ടു ദിവസം ‘വാസ’ (Vaasa) എന്ന് പറഞ്ഞു തപ്പി പിന്നെ ‘ലപ്പീൻറന്ത’ (Lappeenranta) ആയി. അപ്പോഴാണ് ‘തത്തു യാ പാത്തു’ (Tatu ja Patu ഫിന്നിഷ് കുട്ടികളുടെ പ്രിയപ്പെട്ട പുസ്തക പരമ്പര) ആരാധകൻ ‘ഉത്സിയോക്കി’, ‘റൊവാനിയമി’ മുതലായ സ്ഥലങ്ങൾ പൊക്കിക്കൊണ്ട് വന്നത്. അങ്ങനെ ഗൂഗിളിൽ ഫിൻലൻഡ് മൊത്തം ചുറ്റി , booking.comൽ ഹോട്ടലുകൾ നോക്കി … അങ്ങനെ ഇരിക്കുമ്പോൾ ആണ് ഇവിടത്തെ സ്ത്രീകളുടെ Watsapp ഗ്രൂപ്പിൽ ഒരു സുഹൃത്ത് പല സ്ഥലങ്ങളുടെ suggestion ഇട്ടത്… അതിൽ ഒന്നായിരുന്നു Nordkapp….
നോർവേയിലൂടെ പല അടിപൊളി ഡ്രൈവിംഗ് റൂട്ടുകൾ തയ്യാറാക്കി ഇരിപ്പ് തുടങ്ങിട്ടു വര്ഷം മൂന്നു കഴിഞ്ഞു… വേനൽ അവധിക്കു നാട്ടിൽ പോയി വന്നാൽ പിന്നെ മറ്റൊരു ട്രിപ്പിന് ലീവുമില്ല പൈസയുമില്ല അങ്ങനെ നീണ്ടു പോയി.
ഒരുമിച്ചു പല യാത്രകൾ ചെയ്തിട്ടുള്ള മൂന്ന് കുടുംബങ്ങളും അസൗകര്യം പറഞ്ഞപ്പോള് പ്ലാൻ പൊളിഞ്ഞു എന്ന് ഏകദേശം ഉറപ്പായി… പിന്നെ എങ്ങനെയോ ബുധനാഴ്ച പാതിരാത്രി താമസിക്കാനുള്ള മുറികൾ ബുക്ക് ചെയ്തപ്പോൾ ആണ് ഉഷാർ ആയതു… 2020 മെയ് 12 ന് ഉദിച്ച സൂര്യൻ, 2020 ജൂലൈ 31ന് അസ്തമിക്കും…പോകുന്നെങ്കിൽ ജൂലൈ 25ന് പുറപ്പെടണം എന്നാലെ പാതിരാ സൂര്യനെ കാണാനാവൂ …മൂന്ന് ദിവസം കൊണ്ട് തട്ടികൂട്ടിയെടുത്ത ഒരു യാത്ര.
ഒരു ആഴ്ച നീളുന്ന ഒരു റോഡ് ട്രിപ്പ് … പതിനഞ്ചും, എട്ടും വയസ്സുള്ള മക്കൾ എത്ര നേരം വണ്ടിയിൽ ഇരിക്കും എന്ന ആശങ്ക ഇടയ്ക്കിടെ പൊന്തി വന്നു.
മൂന്നു ദിവസം കൊണ്ട് എന്തൊക്കെ പാക്ക് ചെയ്യും? നോർവേയിൽ ഭക്ഷണത്തിന് വിലക്കൂടുതൽ ആണ് എന്ന് പലയിടത്തും വായിച്ചും പലരും പറഞ്ഞ് കേട്ടതുകൊണ്ട് ഒരു നേരമെങ്കിലും പാചകം ചെയ്യാനുള്ളത് എല്ലാം കയ്യിൽ കരുതി. ബുക്ക് ചെയ്ത മുറികളിൽ ഒന്നൊഴികെയുള്ള എല്ലാത്തിലും പാചകം ചെയ്യാനുള്ള സൗകര്യമുണ്ട്. ചില ദിവസങ്ങളിൽ ബുക്ക് ചെയ്തിടത്ത്
ഫ്രീ ബ്രേക്ഫാസ്റ്റും ഉണ്ട്. ഓർമയുള്ളതെല്ലാം ലിസ്റ്റ് ഉണ്ടാക്കി ആവശ്യത്തിൽ കൂടുതൽ തുണികളും പാക്ക് ചെയ്ത് അങ്ങനെ റെഡിയായി.
ഞങ്ങൾ താമസിക്കുന്ന ‘എസ്പോ’ എന്ന പട്ടണത്തിൽ നിന്ന് അഞ്ഞൂറ്റിയിരുപത്തഞ്ച് കിലോമീറ്റർ പിന്നിട്ട് ഫിൻലൻഡിൻ്റെ ഒത്ത നടുക്ക് സുഒമാൻ കെസ്കിപ്പിസ്റ്റേ (Suomen keskipiste-centerpoint of finland) കാണാൻ ഇറങ്ങുമ്പോൾ നല്ല മഴയായിരുന്നു. കാര്യമായി ഒന്നും തന്നെ അവിടെ കണ്ടില്ല. ഫിൻലാൻഡിൻ്റെ മധ്യഭാഗം എന്ന് എഴുതി ഉരുളൻകല്ലുകൾ കൊണ്ടുള്ള ഒരു സ്തൂപം ഉണ്ട്. ഒരു പത്തു മിനിറ്റ് നേരം ഞങ്ങൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്…അധികം ആളുകൾ അത് കാണാനും വരുന്നില്ല. വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യമോ ഒന്നും തന്നെ ഇല്ല. ഫോട്ടോ എടുത്തു മടങ്ങുമ്പോൾ മറ്റൊരു വണ്ടി പോകുന്ന കണ്ടു…. രാത്രി റൊവാനിയമി എത്തുന്ന വരെയും മഴ തന്നെ. സൂര്യൻ അസ്തമിയ്ക്കാത്തതുകൊണ്ട് ഇരുട്ടില്ല…
ലക്ഷ്യം നോർഡ് കാപ്പ് ആണെങ്കിലും മോൻ്റെ ആഗ്രഹം പോലെ ‘തത്തു യാ പാത്തു’ പറഞ്ഞ റൊവാനിയമിയിലെ സാൻറ്റക്ലോസ്സിനെയും കണ്ട് ഫിൻലൻഡിൻ്റെ നോർത്തേൺ മുനിസിപ്പാലിറ്റി ആയ ഉത്സിയോക്കി വഴി ആണ് നോർവെയിലേക്കു പോകാൻ തീരുമാനിച്ചത്. ഭക്ഷണത്തിന് മാത്രം നിർത്തിക്കൊണ്ട് ഒറ്റ സ്ട്രെച്ചിൽ ഉള്ള യാത്രയായിരുന്നത് കൊണ്ട് റൂമിൽ എത്തി ഭക്ഷണം ഉണ്ടാക്കി കഴിച്ചു വേഗം കിടന്നുറങ്ങി. രാവിലെ നേരത്തെ എണിറ്റ് സാൻറ്റക്ലോസ്സിനെ കാണാൻ പോകണം.
This is part of a multi part travel series. Check out the next part here