ചൊവ്വാഴ്ച ഫിൻലാൻഡ് ഔദ്യോഗികമായി നാറ്റോ സൈനിക സഖ്യത്തിൽ ചേർന്നു. നാറ്റോയിൽ അംഗത്വം നേടുന്ന 31-ാം രാജ്യമാണ് ഫിൻലാൻഡ്. ബ്രസൽസിലെ നാറ്റോ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രേഖകൾ കൈമാറിക്കൊണ്ട് ഫിൻലാൻഡ് ഔദ്യോഗികമായി നാറ്റോയുടെ ഭാഗമായി. ഫിന്നിഷ് വിദേശകാര്യ മന്ത്രി പെക്ക ഹാവിസ്റ്റോ ബ്രസൽസിലെ നാറ്റോ ആസ്ഥാനത്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറ്റണി ബ്ലിങ്കന്‍ ഔദ്യോഗിക രേഖ കൈമാറി പ്രവേശന നടപടികൾ പൂർത്തിയാക്കി.
ഫിൻലാൻഡിൻ്റെ നാറ്റോ അംഗത്വത്തിൻ്റെ ബഹുമാനാർത്ഥം, നാറ്റോ ആസ്ഥാനത്തിൽ ഫിന്നിഷ് പതാക ഉയർത്തി. ഫിൻലാൻഡിനെ പ്രതിനിധീകരിച്ച് ബ്രസൽസിൽ പ്രസിഡൻറ്റ് സൗലി നിനിസ്റ്റോ, വിദേശകാര്യ മന്ത്രി പെക്ക ഹാവിസ്റ്റോ, പ്രതിരോധ മന്ത്രി ആൻതി കൈക്കോണൻ എന്നിവർ പങ്കെടുത്തു.
2022 ഫെബ്രുവരിയിൽ ഉക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തോടുള്ള നേരിട്ടുള്ള പ്രതികരണമെന്ന നിലയിൽ സ്വീഡനൊപ്പം നാറ്റോയിൽ ചേരാൻ ചേരാനുള്ള നീക്കം ഫിൻലാൻഡ് നടത്തിയത്.
ഫിൻലാൻഡിൻ്റെ പ്രവേശനത്തോടെ നാറ്റോ റഷ്യയുമായി പങ്കിടുന്ന അതിർത്തി ഇരട്ടിയായി. റഷ്യയുമായുള്ള ഫിൻലൻഡിൻ്റെ 832 മൈൽ അതിർത്തി, പ്രതിരോധ സൈനിക സംഘത്തെ മുമ്പെങ്ങുമില്ലാത്തവിധം റഷ്യയുടെ മുൻവാതിൽക്കൽ എത്തിക്കുന്നു.
സ്വീഡനും ഫിൻലൻഡും 2022 മെയ് 18-ന് നാറ്റോയിൽ ചേരാൻ ഔദ്യോഗികമായി അപേക്ഷിച്ചത്. സ്വീഡൻ്റെ അംഗത്വ ബിഡ് രണ്ട് അംഗരാജ്യങ്ങളായ തുർക്കിയും ഹംഗറിയും തത്കാലം തടഞ്ഞുവെച്ചിരിക്കുകയാണ്.