ഡെൻമാർക്കിലെ റോൾഡ് ഫോറസ്റ്റിൽ സ്ഥിതി ചെയ്യുന്ന ആണവബങ്കർ വിനോദസഞ്ചാരികൾക്കായി ഒരു മ്യൂസിയമായി ഫെബ്രുവരി 13 മുതൽ തുറന്നു കൊടുക്കും.
കോപ്പൻഹേഗനിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ ഒരു ചോക്ക് കുന്നിൻ കീഴിൽ 60 മീറ്റർ ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന ബങ്കർ ഡെൻമാർക്കിലെ ജനാധിപത്യത്തിൻ്റെ “അവസാന കോട്ട” ആയാണ് കണ്ടിരുന്നത്. ഈ ഭൂഗർഭ അഭയകേന്ദ്രം ശീതയുദ്ധ കാലത്ത് നാറ്റോയുടെ നിർബന്ധപ്രകാരം 1963 നും 1968 നും ഇടയിൽ നിർമ്മിച്ചതാണ്.
ശീതയുദ്ധ കാലഘട്ടത്തിൽ ഒരു സായുധ ആണവ ദുരന്തമുണ്ടായാൽ ഡാനിഷ് സർക്കാരിനെ പാർപ്പിക്കാനാണ് “റീഗൻ വെസ്റ്റ്” എന്ന ബങ്കർ നിർമ്മിച്ചത്. ഒരിക്കലും ഉപയോഗികാതിരുന്നത് കൊണ്ട് 2012-ൽ ബങ്കർ സ്ഥിതി ചെയ്യുന്നിടത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടു. ഒരു ദശാബ്ദത്തിന് ശേഷം, ഡെന്മാർക്ക് സർക്കാർ ഈ ബങ്കർ പൊതുജനങ്ങൾക്കായി തുറക്കാൻ തീരുമാനിച്ചു.
താൽപ്പര്യമുള്ള എല്ലാ സന്ദർശകർക്കും നീണ്ടതും കമാനങ്ങളുള്ളതുമായ ഇടനാഴികളിലൂടെ നടക്കാൻ അവസരമുണ്ട്, രാജാവിനായി ഉദ്ദേശിച്ചിട്ടുള്ള മാസ്റ്റർ ബെഡ്റൂം, കഫേ, സർക്കാർ കോൺഫറൻസ് റൂം, 1960-കളിലെ ശൈലിയിലുള്ള അലങ്കാരങ്ങൾ എന്നിവ കാണാം.
ബങ്കറിൻ്റെ ഘടന അതിൻ്റെ യഥാർത്ഥ അവസ്ഥയിൽ തന്നെ സൂക്ഷിച്ചിരിക്കുന്നു. മ്യൂസിയം സന്ദർശിക്കുമ്പോൾ സന്ദർശകർക്കായുള്ള 90 മിനിറ്റ് ടൂറിൽ രണ്ട് കിലോമീറ്റർ നടന്നുകൊണ്ട് ബങ്കറിൻ്റെ 40 ശതമാനം മാത്രമേ കാണാനാകൂ.
ശീതയുദ്ധകാലത്ത് ആളുകൾക്ക് നേരിട്ട അനുഭവങ്ങളും ആശങ്കകളും വെളിപ്പെടുത്തുന്ന വളരെ പ്രധാനപ്പെട്ട സ്ഥലമായ മ്യൂസിയം പുതിയ തലമുറ കണ്ടറിയണമെന്ന് മ്യൂസിയം ക്യൂറേറ്ററും ചരിത്രകാരനുമായ ബോഡിൽ ഫ്രാൻഡ്സെൻ ചൂണ്ടിക്കാട്ടി.
You are here