സ്വീഡനെതിരെ ഭീകരാക്രമണ ഭീഷണികൾ വർദ്ധിക്കുന്നതായി സ്വീഡിഷ് സെക്യൂരിറ്റി സർവീസ് (SÄPO ) പത്രക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി. രാജ്യത്തിൻ്റെ സുരക്ഷാ സാഹചര്യം അപകടകരമാണെന്ന് സ്വീഡിഷ് സുരക്ഷാ പോലീസ് ഇതിനകം കണക്കാക്കിയിട്ടുണ്ട്. ഇപ്പോൾ കൂടുതൽ ദുർബലമായെന്നാണ് വിലയിരുത്തൽ.
സ്വീഡന് എതിരായ ഭീഷണികളുടെ സമീപകാല പ്രവണത ഗൗരവമുള്ളതും സ്വീഡൻ്റെ സുരക്ഷയെ ബാധിക്കുന്നതുമാണ്. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ സ്വീഡിഷ് സെക്യൂരിറ്റി സർവീസ് ദേശീയ അന്തർദേശീയ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുകയും തുടർച്ചയായി ഭീഷണിയെ വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും സമീപകാല സംഭവങ്ങളെ തുടർന്നുള്ള സാഹചര്യം കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നെന്നും പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
ജനുവരിയിൽ, സ്റ്റോക്ക്ഹോമിലെ തുർക്കി എംബസിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധവും ഖുറാൻ കത്തിച്ചതും ഇസ്താൻബുൾ മുതൽ ജക്കാർത്ത വരെ ലോകമെമ്പാടും വൻ പ്രതിഷേധങ്ങൾക്ക് കാരണമായി. ഭീഷണി വർദ്ധിക്കാനുള്ള ഒരു കാരണമിതാണ്. സ്വീഡിഷ് സാമൂഹിക സേവനങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്താരാഷ്ട്ര കിംവദന്തികളും കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്ന് നിയമവിരുദ്ധമായി വേർപെടുത്തുന്നതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നതും ഭീഷണികളുടെ വർദ്ധനവിന് കാരണമായി.
ഡിസംബറിലും ഫെബ്രുവരിയിലും രാജ്യത്തുടനീളം നിരവധി സ്ഫോടനങ്ങളും വെടിവയ്പ്പുകളും നടന്നതിനാൽ സ്വീഡൻ്റെ സുരക്ഷാ സാഹചര്യം അടുത്തിടെ പ്രധാനവാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
You are here