പ്രതിരോധ ചെലവ് വർദ്ധിപ്പിക്കുന്നതിന് ധനസമാഹരണത്തിനായി ഡാനിഷ് സർക്കാരിൻ്റെ പൊതു അവധി ഒഴിവാക്കുന്നതിനുള്ള ബില്ലിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ ഞായറാഴ്ച കോപ്പൻഹേഗനിൽ ഒത്തുകൂടി.
ഈസ്റ്ററിന് ശേഷമുള്ള നാലാമത്തെ വെള്ളിയാഴ്ച്ച ആഘോഷിക്കുന്ന ‘ഗ്രേറ്റ് പ്രെയർ ഡേ’ എന്ന അവധിദിനം നിർത്തലാക്കാനുള്ള ഗവൺമെൻറ്റിൻ്റെ തീരുമാനത്തെ എതിർത്തുകൊണ്ടാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയനുകൾ പ്രകടനം സംഘടിപ്പിച്ചത്.
ഒരു ദശാബ്ദത്തിലേറെയായി ഡെൻമാർക്കിൽ നടക്കുന്ന ഏറ്റവും വലിയ പ്രകടനമായ പ്രതിഷേധ റാലിയിൽ ഏകദേശം 50,000 പേരെങ്കിലും പങ്കെടുത്തതായി യൂണിയനുകൾ കണക്കാക്കുന്നു.
ഉയർന്ന പ്രതിരോധ ചെലവുകൾക്കായി നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിന് അവധി നിർത്തലാക്കാനുള്ള നിർദ്ദേശം ഡാനിഷ് സർക്കാർ ഡിസംബറിൽ അറിയിച്ചിരുന്നു. യൂണിയനുകളും പ്രതിപക്ഷവും സാമ്പത്തിക വിദഗ്ദ്ധരും ഈ നിർദ്ദേശത്തിൻ്റെ അനന്തരഫലത്തെ ചോദ്യം ചെയ്തു. പാർലമെൻറ്റിൽ നേരിയ ഭൂരിപക്ഷമുള്ള സർക്കാർ, എല്ലാ എതിർപ്പുകളെയും മറികടന്ന് നിയമം പാസാക്കാനാണ് ആഗ്രഹിക്കുന്നത്.
ഡാനിഷ് തൊഴിൽ വിപണിയിൽ, ശമ്പളവും ജോലി സമയവും പ്രാഥമികമായി നിയന്ത്രിക്കുന്നത് തൊഴിലാളികളും തൊഴിലുടമ ഗ്രൂപ്പുകളും തമ്മിലുള്ള കൂട്ടായ കരാറുകളാണ്. OECD ഡാറ്റ അനുസരിച്ച്, യൂറോപ്പിലെ മിക്ക രാജ്യങ്ങളേക്കാളും കുറച്ച് മണിക്കൂറാണ് ഡാനിഷുകാർ ജോലി ചെയ്യുന്നത്.
You are here