കോറോണകാലം ആയതുകൊണ്ട് സാൻറ്റക്ലോസ് വില്ലേജ് അടച്ചിരിക്കുകയാണ്. ആകെ ഇൻഫർമേഷൻ ഓഫീസ് മാത്രമാണ് തുറന്നിട്ടുള്ളത്. അവിടെ ഒരു സാൻറ്റ ഉണ്ട്. അദ്ദേഹവുമായി സാമൂഹിക അകലം പാലിച്ചു ഇരുന്നു ഫോട്ടോ എടുക്കാം. നല്ല ഉയരം,വയറ് വരെ എത്തുന്ന വെളുത്ത ചുരുണ്ട താടി. നല്ല ഇടിവെട്ട് ചുമപ്പ് കുപ്പായം, ചിരിച്ച മുഖം… സാൻറ്റയെ കണ്ടാൽ ചോദിയ്ക്കാൻ ഉള്ള ചോദ്യങ്ങൾ അതിന് സാൻറ്റ പറയാൻ സാധ്യതയുള്ള ഉത്തരങ്ങൾ ഒക്കെ തയ്യാറായിപ്പോയ മോൻ സാൻറ്റയെ കണ്ടപ്പോൾ വായുംപൊളിച്ചുനിന്നു.
‘മിടുക്കനായി ഇരിക്കണം’ എന്നും, ‘നീ എൻ്റെ എൽഫുകളിടെ നിരീക്ഷണത്തിലാണെന്നും’ ഒക്കെ പറഞ്ഞു സാൻറ്റ ഉണ്ണിയെ യാത്രയയച്ചു. അങ്ങനെ ആർക്ടിക് സർക്കിൾ കടന്നു സാൻറ്റയെ കണ്ടു വീണ്ടും യാത്ര തുടർന്നു. ഇനിയങ്ങോട്ട് വഴിയിൽ റെയ്ൻഡിയറുകളെ കാണാം. വഴി നീളെ മുന്നറിയിപ്പുകൾ ഉണ്ട്. ഒട്ടും തന്നെ തിരക്കില്ലാതെ ‘എന്നെ തൊട്ടാൽ നീ വിവരം അറിയും’ എന്ന നിലയിൽ അലസമായിട്ടാണ് അവരുടെ നടത്തം. ‘ഒന്ന് വഴി മാറി തന്നിരുന്നെങ്കിൽ ഞങ്ങൾക്കു പോകാമായിരുന്നു’ എന്ന് പറഞ്ഞാൽ ‘എന്താപ്പോ ഇത്ര തിരക്ക് ഞങ്ങളെ ഒക്കെ നല്ലോണം കണ്ടു പോയാൽ മതി’ എന്ന ലൈൻ ആണ്. അങ്ങനെ റെയ്ൻഡിയറുകൾ സൗകര്യത്തിന് വഴിമാറിത്തന്നും അല്ലാത്തപ്പോൾ കാരവാനുകളുടെ പുറകിൽ പെട്ടും, പ്രകൃതി ഭംഗി കണ്ട് വണ്ടി നിർത്തിയും രണ്ടു മണിയോടെ ഞങ്ങൾ ഉത്സിയോകി(Utsjoki) എത്തി. ഫിൻലൻഡിലെ ഏറ്റവും വടക്കേ അറ്റത്തുള്ള മുനിസിപ്പാലിറ്റിയാണ് ഉത്സിയോകി.
ഫിൻലാൻഡിനെയും നോർവേയെയും ബന്ധിപ്പിക്കുന്ന അതിർത്തി പാലമാണ് സാമെൻസിൽട്ട (Sameensilta- സാമി ബ്രിഡ്ജ്-Sami bridge). തേനോയോകിക്ക് മുകളിലൂടെ ഉള്ള ഈ കേബിൾ-സ്റ്റേഡ് പാലം(cable stayed bribge) 316 മീറ്റർ ആണ്. ഫിൻലൻഡും നോർവെയും തമ്മിൽ വേർതിരിക്കുന്നത് തെനോയോക്കി (tenojoki-teno river ) ആണ്. ആ പുഴയുടെ പകുതി ഫിൻലാൻഡിൻ്റെയും മറു പകുതി നോർവെയുടെയും ആണ്. തെനോയോകിയുടെ ഫിൻലാൻഡ് ഭാഗത്തുള്ള ‘തേനോൻതിയേ’യിൽ (Tenontie) കൂടി മുൻപ് യാത്ര ചെയ്തിട്ടുണ്ട്. തെനോയോകിയുടെ നോർവേ സൈഡിലൂടെ ആണ് ഇപ്രാവശ്യം പോയത്.
ബോർഡറിൽ പേരിന് പോലും ഒരു പോലീസ്കാരനെ കണ്ടില്ല. നോർവെയിലേക്ക് കിടന്നപ്പോൾ വീതി കുറഞ്ഞ വഴി, പുഴ കാര്യമായ് കാണാനും ഇല്ല. നോർവേയിൽ നിന്ന് ഫിൻലാൻഡ് കണ്ടുകൊണ്ടു ഇടയ്ക്കൊക്കെ പുഴയും കണ്ടു മുന്നോട്ടു പോയി. പതിനഞ്ച് മിനിറ്റ് കൂടുമ്പോൾ ഒരു വണ്ടി എന്ന കണക്കിന് എതിരെ നിന്നും വണ്ടിയുള്ളൂ. മുന്നോട്ടു പോകും തോറും ഫിൻലാൻഡ് ഭാഗം തന്നെ കൂടുതൽ ഭംഗി എന്ന് ഇടയ്ക്കിടെ ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ അത് നോർവേ മാറ്റി പറയിച്ചു…
അന്ന് തങ്ങിയത് കാരാഷോക്ക്(Karasjok) എന്ന ഒരു ഗ്രാമത്തിലാണ്. നല്ല ഭംഗിയുള്ള ഒരു ക്യാമ്പ് സൈറ്റ്. ഡൈനിങ് കം അടുക്കള ഉള്ള ഒരു വലിയ സിറ്റിംഗ്റൂം, കിടപ്പുമുറിയും, ബാത്റൂമും ഉള്ള കോട്ടജുകൾ. അധികം അകലെ അല്ലാതെ എട്ട്-പത്ത് കാരവനുകൾ, ടെൻറ്റ് അടിച്ചു കിടക്കുന്ന ബൈക്കുകാർ….ഭക്ഷണം കഴിച്ചു ആ ക്യാമ്പ് സൈറ്റിൽ കുറച്ചു ചുറ്റി നടന്നു…വേനൽക്കാലമായാൽ നിറച്ചു കൊതുകും മറ്റു പ്രാണികളുമാണ്…. ചിലത് വെറുതെ മൂളി നടക്കും, ചിലത് നമ്മളെ കുത്തും, ചിലത് വണ്ടിയുടെ മുന്നിലേക്ക് ചാടി ചാവേർ പോലെ സ്വയം ജീവനൊടുക്കും വണ്ടിയുടെ ഗ്ലാസും മുൻഭാഗവും വൃത്തികേടാക്കും….പ്രാണികളുടെ ശല്യം കാരണം നടത്തം മതിയാക്കി അകത്ത് കയറി. എന്തോ കാരണം കൊണ്ട് നമ്മുടെ ക്യാബിനിലെ മാത്രം കറൻറ്റ് ഡ്രിപ് ആയികൊണ്ടെ ഇരുന്നു. ക്യാമ്പിൽ തന്നെ ഉള്ള ഒരു വീട്ടിൽ നടത്തിപ്പുകാർ താമസിക്കുന്നുണ്ടായിരുന്നു. പോയി പറഞ്ഞപ്പോൾ അവർ വന്നു ശരിയാക്കിത്തന്നു.