ഫിൻലാൻഡിൻ്റെ വിദേശ വ്യാപാര മന്ത്രി വില്ലെ സ്കിന്നരി ഫെബ്രുവരി 8 മുതൽ 10 വരെ ഇന്ത്യ സന്ദർശിക്കുന്നു. ഫിൻലാൻഡും ഇന്ത്യയും തമ്മിലുള്ള വാണിജ്യ-സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനാണ് മന്ത്രി സ്കിന്നരിയുടെ സന്ദർശനം.
സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ സുസ്ഥിരതയും ഡിജിറ്റലൈസേഷനും പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 2021 ലെ വസന്തകാലത്ത് ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിനും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്തമായി അംഗീകരിച്ച രൂപരേഖകളെ അടിസ്ഥാനമാക്കിയുള്ളതാണ് ചർച്ചകൾ.
ന്യൂഡൽഹിയുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് മന്ത്രി സ്കിന്നരി വാർത്താസമ്മേളനത്തിൽ ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തുടർന്നും വളരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘’ദീർഘകാലാടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വളർത്തിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിലൂടെ വികസനം, നിക്ഷേപം, പുതിയ ജോലി സാധ്യതകൾ, വളർച്ച എന്നിവ കൈവരിക്കാൻ കഴിയും’’ അദ്ദേഹം കൂട്ടിച്ചേർത്തു .
ന്യൂഡൽഹിയിൽ, മന്ത്രി സ്കിന്നരി ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി, വാണിജ്യ വ്യവസായ മന്ത്രി, ടൂറിസം മന്ത്രി, സിവിൽ ഏവിയേഷൻ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. മുംബൈയിൽ അദ്ദേഹം മഹാരാഷ്ട്ര വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ അദ്ദേഹം ഇന്ത്യയിലെ വിവിധ കമ്പനികളുമായും ഇന്ത്യയിൽ നിലവിലുള്ള ഫിന്നിഷ് കമ്പനികളുമായും അക്കാദമിക് തിങ്ക്-ടാങ്കുകളുടെ പ്രതിനിധികളുമായും ഉന്നതതല യോഗങ്ങൾ നടത്തും. മുംബൈയിൽ നടന്ന ഫിൻലൻഡിൻ്റെ സ്മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ സെമിനാറിലും മന്ത്രി പങ്കെടുത്തു.
മുംബൈയിൽ മന്ത്രി സ്കിന്നരി ഫിൻലൻഡിൻ്റെ പുതിയ കോൺസുലേറ്റ് ജനറലിൻ്റെ ഉദ്ഘാടനം നിർവഹിക്കും. മുംബൈയിലെ ഫിൻലാൻഡിൻ്റെ കോൺസുലേറ്റ് ജനറൽ വാണിജ്യ, സാമ്പത്തിക സഹകരണത്തിൽ ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കും.
You are here