സ്വീഡനിൽ നിർബന്ധിത സിവിൽ സർവീസ് പുനരാരംഭിക്കുന്നതായി പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റോർസോൺ അറിയിച്ചു. സിവിൽ ഡ്യൂട്ടിക്ക് ജനങ്ങളെ സജ്ജരാക്കുന്നതിനുള്ള ചുമതല സർക്കാർ സ്വീഡിഷ് സിവിൽ കണ്ടിൻജൻസീസ് ഏജൻസിക്ക് (MSB) നൽകും.
സിവിൽ ഡ്യൂട്ടി സേവനത്തിന് തയ്യാറെടുക്കാൻ MSB-ക്ക് മാർച്ച് 1 വരെ സമയമുണ്ട്. സേവനത്തിന് നിയമിക്കപ്പെട്ടവർക്ക് യുദ്ധസമയത്ത് അടിയന്തര സേവനങ്ങൾക്കായി അധിക പരിശീലനങ്ങൾ നൽകും.
സ്വീഡനിൽ 2008-ലാണ് നിർബന്ധിത സിവിൽ ഡ്യൂട്ടി നിർത്തലാക്കിയത്. സ്വീഡൻ്റെ പ്രതിരോധം ശക്തിപ്പെടുത്തുകയാണ് സർക്കാരിൻ്റെ ഉദ്ദേശം.
ഒരു യുദ്ധമോ പ്രതിസന്ധിയോ ഉണ്ടാകുമ്പോൾ സമൂഹത്തിൻ്റെ സുപ്രധാന പ്രവർത്തനങ്ങളിൽ സഹായിക്കേണ്ടത് പൗരന്മാരുടെ കടമയാണ്, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയോടൊപ്പം പ്രതിരോധ മന്ത്രിയും സിവിൽ ഡിഫൻസ് മന്ത്രിയും തിങ്കളാഴ്ച പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ആദ്യഘട്ടത്തിൽ സ്വീഡനിലെ മുനിസിപ്പൽ റെസ്ക്യൂ സർവീസിനുള്ളിൽ സിവിൽ ഡിഫൻസ് സജീവമാക്കും. 2030-ഓടെ പതിനായിരം പേരെ സൈനിക സേവനത്തിലേർപ്പെടുത്താൻ സ്വീഡൻ ലക്ഷ്യമിടുന്നു.
You are here