ലോകത്തിലെ ഏറ്റവും പഴക്കം ചെന്നത് എന്ന് അവകാശപ്പെടാവുന്ന റൂൺസ്റ്റോൺ പുരാവസ്തു ഗവേഷകർ നോർവേയിൽ കണ്ടെത്തി. ലിഖിതങ്ങൾക്ക് 2,000 വർഷം വരെ പഴക്കമുണ്ടെന്ന് ഗവേഷകർ അറിയിച്ചു.
തവിട്ടുനിറത്തിലുള്ള സാൻഡ്സ്റ്റോണിൻ്റെ പരന്നതും ചതുരാകൃതിയിലുള്ളതുമായ കട്ടയിൽ കൊത്തുപണികൾ ഉണ്ട്. ഇത് സ്കാൻഡിനേവിയയിൽ രേഖപ്പെടുത്തിയ വാക്കുകളുടെ ആദ്യകാല ഉദാഹരണമായിരിക്കാം. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള റൂണിക് ലിഖിതങ്ങളിൽ ഒന്നാണ് എന്നും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഡേറ്റബിൾ റൂൺസ്റ്റോൺ ആണെന്നും ഓസ്ലോയിലെ മ്യൂസിയം ഓഫ് കൾച്ചറൽ ഹിസ്റ്ററി ചൂണ്ടികാണിച്ചു.
ഈ കണ്ടെത്തൽ ഇരുമ്പ് യുഗത്തിൻ്റെ തുടക്കത്തിൽ ഉണ്ടായിരുന്ന റൂണുകളെ കുറിച്ച് ധാരാളം അറിവ് നൽകും. നോർവേയിലും സ്കാൻഡിനേവിയയിലും കല്ലിൽ കൊത്തിയിട്ടുള്ള റൂണുകളുടെ ആദ്യ ശ്രമങ്ങളിൽ ഒന്നായിരിക്കാം ഇതെന്ന് ഓസ്ലോ സർവകലാശാലയിലെ പ്രൊഫസറായ ക്രിസ്റ്റൽ സിൽമർ അഭിപ്രായപ്പെട്ടു.
നിരവധി സ്മാരക പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുള്ള ഓസ്ലോയുടെ പടിഞ്ഞാറ് ത്യുരിഫ്യോർഡിലെ ഖനനത്തിനിടെ 2021 ലെ ശരത്കാലത്തിലാണ് റൂൺസ്റ്റോൺ കണ്ടെത്തിയത്. റൂണുകൾ എ.ഡി. 1 നും 250 നും ഇടയിൽ ആലേഖനം ചെയ്തവയാണെന്നു ഗവേഷകർ പറയുന്നു. റൂൺസ്റ്റോൺ വിശകലനം ചെയ്യുവാൻ സമയമെടുക്കുന്നതിനാലാണ് കണ്ടുപിടുത്തം ലോകത്തെ അറിയിക്കാൻ വൈകിയത്.
ശിലായുഗം മുതൽ ആധുനിക കാലം വരെയുള്ള നോർവേയിലെ ഏറ്റവും വലിയ പുരാവസ്തുക്കളുടെ ശേഖരമുള്ള സാംസ്കാരിക ചരിത്ര മ്യൂസിയത്തിൽ ജനുവരി 21 മുതൽ ഒരു മാസത്തേക്ക് റൂൺസ്റ്റോൺ പ്രദർശിപ്പിക്കും.
You are here