നാഷണൽ അതോറിറ്റി ഓഫ് എഡ്യൂക്കേഷൻ ഫിൻലൻഡ്, ഹെൽസിങ്കി സർവകലാശാല, ഫിന്നിഷ് എംബസി എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ രണ്ടാമത്തെ ഔദ്യോഗിക പ്രതിനിധി സംഘം ജനുവരി 23, 24, 25 തീയതികളിൽ കേരള സർക്കാരുമായി ചർച്ച നടത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചർച്ചയിൽ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസരംഗത്തുള്ള കേരളത്തിൻ്റെ ഭരണപരവും അക്കാദമികവുമായ ഘടന ഫിൻലാൻഡ് മാതൃകായോട് സമാനത പുലർത്തുന്നുണ്ടെന്നത് പ്രതിനിധി സംഘത്തെ ആകർഷിച്ചിരുന്നു.
പൊതുവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് അക്കാദമിക സഹകരണം ഫിന്നിഷ് പ്രതിനിധികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പദ്ധതികളിൽ നൂതന ആശയങ്ങൾ നടപ്പിലാക്കുന്നതിന് പരസ്പരം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആദ്യഘട്ടത്തിൽ അധ്യാപക പരിശീലനം, വിദ്യാഭ്യാസ മാതൃകകൾ, ശാസ്ത്രം, ഗണിതം, അക്കാദമിക് നിലവാരം ഉയർത്തൽ എന്നിവയിൽ സഹകരണം ഉറപ്പാക്കും. ഫിൻലൻഡിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരും ഹെൽസിങ്കി സർവകലാശാലയിലെ ഡിപ്പാർട്ട്മെൻറ്റ് മേധാവികളായ ടാപിയോ ലഹ്തെറോ, റീക്ക ഹലിക്ക, മിന്ന സാദെ, സർവകലാശാലയുടെ ലെയ്സൺ ഓഫീസർ ഉണ്ണികൃഷ്ണൻ ശ്രീധരക്കുറുപ്പ് എന്നിവരുൾപ്പെടുന്ന പ്രതിനിധിസംഘം പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ശക്തമായ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കാരണം വികസ്വര രാജ്യങ്ങളിൽ അവർ ചെയ്യുന്ന പദ്ധതികളിൽ ഏറ്റവും ഫലപ്രദമായ ഒന്നായിരിക്കും കേരളത്തിലെ പദ്ധതിഎന്ന് ഫിന്നിഷ് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.