വെല്ലുവിളി നിറഞ്ഞ സാമ്പത്തിക അന്തരീക്ഷത്തിൽ സ്വീഡിഷ് സമ്പദ്വ്യവസ്ഥ 2023 ൽ സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമെന്ന് വിദഗ്ധർ പറയുന്നു. ഉയർന്ന പണപ്പെരുപ്പവും ഉയർന്ന പലിശനിരക്കും മൂലം കുടുംബങ്ങളും ബിസിനസ്സുകളും സമ്മർദ്ദത്തിലാണ്.
സ്വീഡനിലെ ഗാർഹിക സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ 2023-ൽ പ്രാബല്യത്തിൽ വരും.
മദ്യത്തിന് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ സ്വീഡൻ ഒന്നാം സ്ഥാനത്താണ്. മദ്യത്തിൻ്റെ നികുതി വർദ്ധിപ്പിക്കും. ഒരു ക്യാൻ വീര്യമുള്ള ബിയറിന് ഏകദേശം അര ക്രോണ, ഒരു കുപ്പി വൈൻ ഒരു ക്രോണ എന്ന നിലയിൽ വില വർദ്ധിപ്പിക്കും. ഉപഭോക്താക്കൾക്ക് ഇതൊരു വലിയ തുകയല്ലെങ്കിലും രാജ്യത്തിന് ഇത് പ്രതിവർഷം 370 ദശലക്ഷം ക്രോണ അധിക വരുമാനമുണ്ടാക്കും.
സിഗരറ്റിനും മറ്റ് പുകയില ഉൽപന്നങ്ങൾക്കുമുള്ള നികുതിയും വർദ്ധിക്കും. ഈ ഉൽപ്പന്നങ്ങളുടെ വില ഏകദേശം ഒരു ക്രോണ വർധിപ്പിക്കും.
ടിവി, റേഡിയോ ലൈസൻസ് ഫീസ് കുറയും, കാരണം ഈ ഫീസിൽ നിന്നുള്ള വരുമാനം കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രതീക്ഷിച്ചതിലും കൂടുതലാണ്. കോവിഡ് മഹാമാരി സമയത്ത് താൽക്കാലികമായി ഉയർത്തിയ ചില ആനുകൂല്യങ്ങൾ 2023-ന് തുടർന്ന് നൽകും.
ബാങ്ക് ഐഡിക്ക് പകരം സർക്കാർ നടത്തുന്ന ഒരു പുതിയ ബദൽ സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശം 2023 ജനുവരി 31 വരെയുള്ള സമയപരിധിയോടെ പാർലമെന്റിൽ സമർപ്പിക്കും. നിർദ്ദേശം എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും സ്വീഡനിൽ ബാങ്ക് ഐഡിക്ക് യോഗ്യതയില്ലാത്തവർ ഈ വിഷയം ശ്രദ്ധിക്കേണ്ടതാണ്.
2023 മുതൽ വിദ്യാർത്ഥി വായ്പകളുടെ പലിശയിൽ നേരിയ വർദ്ധനയുണ്ടാകും. എന്നിരുന്നാലും, തിരിച്ചടവിനുള്ള സമയപരിധി നീട്ടാനുള്ള സാധ്യത വിദ്യാർത്ഥികൾക്ക് ലഭിക്കും. സ്വീഡനിലെ യൂണിവേഴ്സിറ്റി പഠനത്തിന് രജിസ്ട്രേഷൻ ഫീസ് 450 ൽ നിന്ന് 550 ക്രോണയായി ഉയരും.
2023 ജനുവരി 1-ന് ശേഷം റോഡ് ട്രാഫിക് രജിസ്റ്ററിൽ കാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ഇലക്ട്രിക് കാറുകൾക്ക് 50,000 ക്രോണയും ഹൈബ്രിഡ് കാറുകൾക്ക് 10,000 ക്രോണയും വരെ ബോണസ് ലഭിക്കും.
ജോലിയിൽ തുടരാനുള്ള അവകാശം അറുപത്തിയെട്ട് വയസിൽ നിന്ന് അറുപത്തിയൊൻപത് വയസ്സ് തികയുന്ന ദിവസം വരെ നീട്ടും. അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് ജനുവരി മുതൽ നികുതി നിരക്ക് കുറയ്ക്കും.
ജനുവരി 2 മുതൽ, സ്വീഡിഷ് ഏജൻസി ഫോർ അഗ്രികൾച്ചറിൻ്റെ പുതിയ ക്യാറ്റ് രജിസ്റ്ററിൽ ഉടമസ്ഥർ പൂച്ചകളെയും രജിസ്റ്റർ ചെയ്തിരിക്കണം. നായ്ക്കൾക്ക് ഇതിനകം ഡോഗ് രജിസ്റ്റർ നിയമം നിലവിലുണ്ട്. അലഞ്ഞുതിരിയുന്ന പൂച്ചകളെ അവയുടെ ഉടമകൾക്ക് തിരികെ നൽകുന്നത് എളുപ്പമാക്കുകയാണ് നിയമം ലക്ഷ്യമിടുന്നത്.
സോളാർ സെല്ലുകൾ സ്ഥാപിക്കുമ്പോൾ, തൊഴിൽകൂലി ഇനത്തിലും, സാമഗ്രികൾ വാങ്ങുന്ന വകയിലും ചിലവാകുന്ന തുകയുടെ 20 ശതമാനം വരെ ജനുവരി ഒന്നു മുതൽ നികുതി കിഴിവ് ലഭിക്കും. സോളാർ സെല്ലുകൾ വാങ്ങാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുകയും അതുവഴി ഹരിത പരിവർത്തനം വേഗത്തിലാക്കുകയുമാണ് ലക്ഷ്യം.
You are here